Sports
കൊച്ചി: പതിനൊന്നാമത് കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തണ് ഒക്ടോബര് 25ന് നടക്കും. ഫുള് മാരത്തണ്: 42.2 കിലോമീറ്റർ, ഹാഫ് മാരത്തണ്: 21.1 കിലോമീറ്റർ, ഫാമിലി ഫണ് റണ്: 5-8 കിലോമീറ്റർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ടാകും.
എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടാണ് മത്സരത്തിന്റെ ആരംഭ, സമാപന വേദി. കൊച്ചി സിറ്റി പോലീസിന്റെ പിന്തുണയോടെ സോള്സ് ഓഫ് കൊച്ചിന് സംഘടിപ്പിക്കുന്ന പരിപാടിക്ക് കൊച്ചി കോര്പറേഷനാണ് ആതിഥേയത്വം വഹിക്കുന്നത്.
റണ്ണിംഗ് ക്ലബ്ബുകള്, കോര്പറേറ്റ് സ്ഥാപനങ്ങള്, വിവിധ സംഘടനകള്, സുഹൃത്തുക്കളുടെ കൂട്ടായ്മകള്, മറ്റു ടീമുകള് എന്നിവര്ക്കുള്ള ഗ്രൂപ്പ് രജിസ്ട്രേഷനുകളില് പ്രത്യേക ഇളവുകള് ലഭ്യമാണ്. മേയര് മിനിമോള് പരിപാടിയുടെ ഔദ്യോഗിക ടീഷര്ട്ട് പ്രകാശനം ചെയ്തു. രജിസ്ട്രേഷനും ഗ്രൂപ്പ് അന്വേഷണങ്ങള്ക്കും: www.spicecoast marathon.com.
District News
കോയന്പത്തൂർ: ആറ്റൂർ റോട്ടറിക്ലബ് മിഡ് ടൗണിന്റെ ബോധവത്കരണ മാരത്തൺ കോയന്പത്തൂരിലെത്തി. കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും സംബന്ധിച്ച സന്ദേശവുമായാണ് ആറ്റൂരിൽനിന്നുള്ള റൊട്ടേറിയന്മാർ തമിഴ്നാട്ടിലുടനീളം മാരത്തൺ സംഘടിപ്പിച്ചിട്ടുള്ളത്.
അഞ്ചാംദിവസം സംഘം കോയന്പത്തൂരിലെത്തി. കോയമ്പത്തൂരിൽ നിന്ന് പൊള്ളാച്ചി, ഉദുമൽപേട്ട്, ഡിണ്ടിഗൽ, മധുര വഴി മാരത്തൺ കടന്നുപോകും. റേസ് കോഴ്സിലെ കളക്ടറുടെ ബംഗ്ലാവിനു മുന്നിൽ റോട്ടറി മുൻ ഗവർണർ ഡോ.കെ.എ. കുര്യാച്ചൻ ആന്റണി മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. കോയമ്പത്തൂർ ടെക്സിറ്റിയിലെ ആർ.ടി.എൻ. റെജി കുര്യൻ, കോയമ്പത്തൂർ സിറ്റിയിലെ ആർ.ടി.എൻ. അശോക് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
District News
കൊല്ലം: ജില്ലാ ആരോഗ്യ വകുപ്പും ജില്ലാ എയ്ഡ്സ് കണ്ട്രോള് യൂണിറ്റും സംയുക്തമായി ലോക യുവജനദിനത്തോടനുബന്ധിച്ച് നടത്തിയ റെഡ് റണ് മാരത്തണ് മത്സരത്തില് വിവിധ കോളജുകളില്നിന്നുള്ള 96 വിദ്യാര്ഥികള് പങ്കെടുത്തു.
പുരുഷ വിഭാഗത്തില് അഞ്ചല് സെന്റ് ജോണ്സ് കോളജിലെ വിനീഷ് എസ്, പെണ്കുട്ടികളുടെ വിഭാഗത്തില് അഞ്ചല് സെന്റ് ജോണ്സ് കോളജിലെ നിരഞ്ജന പ്രകാശ് എന്നിവര് ഒന്നാം സ്ഥാനം നേടി.
കൊല്ലം ടികെഎം കോളജിലെ അതുല് രണ്ടാം സ്ഥാനവും, അഞ്ചല് സെന്റ് ജോണ്സ് കോളജിലെ ശിവപ്രസാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെണ്കുട്ടികളുടെ വിഭാഗത്തില് എസ്. വാണി രണ്ടാം സ്ഥാനവും, എസ്. ശ്രീലക്ഷ്മി മൂന്നാം സ്ഥാനവും നേടി.
തോപ്പില്ക്കടവ് പാലത്തില് ആരംഭിച്ച മാരത്തണ് ജില്ലാ മെഡിക്കല് ഓഫീസര് ഡോ. എ.എല്. ഷീജ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസര് ഡോ. എം. സാജന് മാത്യൂസ്, ജില്ലാ എഡ്യൂക്കേഷന് മീഡിയ ഓഫീസര് ശ്രീകുമാര് എസ് തുടങ്ങിയവര് നേതൃത്വം നല്കി.
മത്സരത്തില് ഒന്നും രണ്ടും സ്ഥാനങ്ങള് നേടിയവര്ക്ക് സംസ്ഥാനതല മത്സരത്തില് പങ്കെടുക്കാമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു.
District News
പെരിയ: അന്താരാഷ്ട്ര യുവജന ദിനാചരണത്തിന്റെയും എയ്ഡ്സ് ബോധവത്കരണ പ്രവർത്തനങ്ങളുടെയും ഭാഗമായി കേന്ദ്ര സര്വകലാശാല കാമ്പസില് ജില്ലയിലെ കോളജ് വിദ്യാര്ഥികള്ക്കായി റെഡ്റണ് മാരത്തോണ് മത്സരം സംഘടിപ്പിച്ചു.
കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി, ജില്ലാ മെഡിക്കല് ഓഫീസ്, കേരള കേന്ദ്ര സര്വകലാശാല എന്എസ്എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ കോളജുകളില് നിന്നായി 73 വിദ്യാര്ഥികള് പങ്കെടുത്തു.
കേന്ദ്ര സര്വകലാശാല വൈസ് ചാന്സലര് ഡോ. സിദ്ദു പി. അല്ഗുര് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസര് ഡോ. ആരതി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. അജയ് രാജന് മുഖ്യപ്രഭാഷണം നടത്തി. സ്റ്റുഡന്റ്സ് വെല്ഫെയര് ഡീന് പ്രഫ. രാജേന്ദ്ര പിലാങ്കട്ട വിജയികള്ക്കുള്ള സമ്മാനവിതരണം നിര്വഹിച്ചു. പെരിയ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല് ഓഫീസര് ഡോ. ഡി.ജി. രമേശ്, കേന്ദ്ര സര്വകലാശാല എന്എസ്എസ് പ്രോഗ്രാം കോ-ഓര്ഡിനേറ്റര് ഡോ.എസ്. അൻപഴഗി, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന് മീഡിയ ഓഫീസര് പി.പി. ഹസീബ് എന്നിവർ പ്രസംഗിച്ചു.
പെണ്കുട്ടികളുടെ വിഭാഗത്തില് എം.കെ. ദേവിക, വൈ. ഫാത്തിമ, കെ.വി. ലിതിന (മൂവരും ഇകെഎന്എം ഗവ. കോളജ് എളേരിത്തട്ട്) എന്നിവരും ആണ്കുട്ടികളുടെ വിഭാഗത്തില് സോണറ്റ് പയസ് (മാലിക് ദിനാര് കോളജ്), മുഹമ്മദ് നബഹാന് (ഗവ. കോളേജ് കാസർഗോഡ്), അഭിഷേക് ബാബു (ഇകെഎന്എം ഗവ. കോളജ് എളേരിത്തട്ട്) എന്നിവരും യഥാക്രമം ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള് നേടി. ഇവര് ഓഗസ്റ്റിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തില് ജില്ലയെ പ്രതിനിധീകരിക്കും.
District News
ഈരാറ്റുപേട്ട: നഗരസഭയുടെ സഹകരണത്തോടെ റെയിൻബോ കൺസ്ട്രക്ഷൻസിന്റെയും ഈരാറ്റുപേട്ട സ്പോർട്സ് അക്കാദമിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാരത്തൺ നഗരസഭാ അങ്കണത്തിൽ എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാ ചെയർമാൻ വി.പി. നാസർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അമീൻ പിട്ടയിൽ, അൻവർ അലിയാർ, തണൽ ചെയർമാൻ പി.എ. ഹാഷിം എന്നിവർ പ്രസംഗിച്ചു.
ലഹരി ഉപയോഗത്തിനെതിരായ ശക്തമായ സന്ദേശം സമൂഹത്തിലാകെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാരത്തൺ സംഘടിപ്പിച്ചത്. ആരോഗ്യകരമായ ജീവിതശൈലിയും കായികസംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന ഈ കൂട്ടായ്മയിൽ വിവിധ മേഖലകളിൽ നിന്നുള്ള കായികപ്രേമികളും യുവജനങ്ങളും നൂറുകണക്കിന് വിദ്യാർഥികളും അണിനിരന്നു.
District News
തിരുവമ്പാടി: താമരശേരി രൂപതയുടെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് റൂബി ജൂബിലി മാരത്തൺ മത്സരം സംഘടിപ്പിച്ചു.
ഇന്നലെ രാവിലെ ഏഴിന് കോടഞ്ചേരിയിൽ നിന്ന് ആരംഭിച്ച മാരത്തൺ തിരുവമ്പാടിയിൽ സമാപിച്ചു. താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. താമരശേരി രൂപതയുടെ നേതൃത്വത്തിൽ മലയോര മേഖലയിൽ കഴിഞ്ഞ 40 വർഷക്കാലമായി നടന്ന വികസന പ്രവർത്തനങ്ങളെ അനുസ്മരിച്ചുകൊണ്ട് "മലയോര വികസനം നാടിന്റ് നന്മയ്ക്ക്' എന്ന ആപ്തവാക്യത്തോടെയാണ് മാരത്തൺ സംഘടിപ്പിച്ചത്.163 പേർ പങ്കെടുത്തു. 67 പേർ ഓട്ടം പൂർത്തിയാക്കി.
താമരശേരി രൂപത വികാരി ജനറാൾ മോൺ ഏബ്രഹാം വയലിൽ, രൂപതാ ഫിനാൻസ് ഓഫീസർ ഫാ. ബെന്നി മുണ്ടനാട്ട്, കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐകോളമ്പിൽ, ഫാ. സായി പാറൻകുളങ്ങര, ഫാ. ജിൽസൺ തയ്യിൽ, ഫാ. ആഷിൻ നീലമ്പറമ്പിൽ, കോഴിക്കോട് ജില്ലാ അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ.എം. ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു. ബാംഗ്ലൂർ സ്വദേശി രാജേഷ് കുമാർ മാരത്തണിൽ ഒന്നാം സ്ഥാനം നേടി. താമരശേരി സ്വദേശി നബീൽ സാഹി രണ്ടാം സ്ഥാനവും തൃശൂർ സ്വദേശി എം. മനോജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ സമാപന സമ്മേളനത്തിൽ വിജയികൾക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. തിരുവമ്പാടി ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മാരത്തോൺ കോർഡിനേറ്റർ നോബിൾ പ്രസംഗിച്ചു.ഫാ. ജോർജ് വെള്ളാരംകാലായിൽ, ഫാ. അജിത് വെളിയത്ത്, അഖിൽ ജോസഫ്, രഞ്ജു മാത്യു, ബിജോയ് ജോസഫ്, വിനോദ് ജോസ്, കെ.എം. തോമസ്, ടി.ഡി. മാർട്ടിൻ, എൻ.എം. സിജി, ശീതൾ ബാബു, ബിജിലി ജോസഫ്, അഖില ജോസഫ് എന്നിവർ നേതൃത്വം നൽകി.
District News
ചേര്ത്തല: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് കെവിഎം കോളജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസിന്റെ ആഭിമുഖ്യത്തില് മാരത്തണ് സംഘടിപ്പിച്ചു. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ ലക്ഷ്യത്തിലേക്കൊരു കുതിച്ചുചാട്ടം എന്ന പ്രമേയത്തിലൂന്നിയായിരുന്നു മാരത്തൺ സംഘടിപ്പിച്ചത്.
കെവിഎം കോളജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസ് പ്രിൻസിപ്പൽ പ്രഫ. എം.കെ. രജില സ്വാഗതം പറഞ്ഞു. ചേർത്തല സബ് ഇൻസ്പക്ടർ ഓഫ് പോലീസ് എസ്.ജെ. രഞ്ജിത് ഫ്ലാഗ് ഓഫ് ചെയ്തു. കെവിഎം. ഫാർമസി പ്രിൻസിപ്പൽ ഡോ.പി. ബീന, പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ദീപ പി ഡൊമിനിക്, കോളജ് മാനേജർ മനോജ് ജോസഫ് എന്നിവർ പങ്കെടുത്തു. വാരനാട് കെവിഎം പബ്ളിക് സ്കൂളിൽ നിന്നാരംഭിച്ച മാരത്തൺ ട്രസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു. മത്സരവിജയികൾക്ക് കെവിഎം ട്രസ്റ്റ് ഡയറക്ടർ ഡോ.വി.വി. പ്യാരിലാൽ കാഷ് പ്രൈസ് വിതരണം ചെയ്തു.
Business
തിരുവനന്തപുരം: പ്രമുഖ എഐ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊലൂഷൻസ് കന്പനിയായ യുഎസ്ടി സംഘടിപ്പിക്കുന്ന ട്രിവാൻഡ്രം മാരത്തണിന്റെ മൂന്നാം പതിപ്പ് നവംബർ 15 നു നടക്കും.
എൻഇബി സ്പോർട്സിന്റെ പങ്കാളിത്തത്തോടു കൂടിയാണ് മാരത്തണ് സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരത്തെ ഏറ്റവും വലിയ മാരത്തണിൽ നാലു വ്യത്യസ്ത വിഭാഗങ്ങളിലായി 15,000ത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
District News
ഫോർട്ടുകൊച്ചി: കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ വനിതാ പ്രസ്ഥാനമായ വൈഡ്സിന്റെ ആഭിമുഖ്യത്തിൽ ലോക കാൻസർ ദിനാചരണത്തോടനുബന്ധിച്ചു ആശാകിരണം കാൻസർ സുരക്ഷപദ്ധതിയുടെ ഭാഗമായി മാരത്തൺ നടത്തി.
അർജുനൻ മാസ്റ്റർ ഗ്രൗണ്ടിൽനിന്നും ആരംഭിച്ച മാരത്തൺ കൊച്ചി ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു . കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 1000 അംഗങ്ങൾ പങ്കെടുത്തു . തോപ്പുംപടി ബിഒടി പാലത്തിൽ സമാപിച്ച മരത്തണിന് കെ.ജെ. മാക്സി എംഎൽഎ സമാപന സന്ദേശം നൽകി. കൗൺസിലർമാരായ സുമീത് ജോസഫ്, വി.എ. ശ്രീജിത്ത് , സിഎസ്എസ്എസ് ഡയറക്ടർ ഫാ. ഡോ. അഗസ്റ്റിൻ കടേപ്പറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ ജെയ്ഫിൻ ദാസ് കട്ടികാട്ട്, സിഎസ്എസ്എസ് കോ-ഓർഡിനേറ്റർ ലാലി സേവ്യർ എന്നിവർ പ്രസംഗിച്ചു .
Kerala
കൊച്ചി: നോ ടു ഡ്രഗ്സ്, യെസ് ടു ഫിറ്റ്നസ് എന്ന സന്ദേശമുയര്ത്തി ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജി- ടെക്) മാരത്തണ് നാലാം പതിപ്പ് 15ന് ഇന്ഫോപാര്ക്ക് കേന്ദ്രീകരിച്ച് നടക്കും.
പുരുഷന്മാര്ക്കും സ്ത്രീകള്ക്കും കുട്ടികള്ക്കുമായി ഹാഫ് മാരത്തണ് (21 കി.മീ), 10 കി.മീ റണ്, ഫണ് റണ് (3 കി.മീ) എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണു മത്സരങ്ങള്. മൂവായിരത്തോളം വനിതകളുള്പ്പെടെ പതിനായിരത്തിലധികം പേര് പങ്കെടുക്കും.
കോളജ് വിദ്യാര്ഥികള്, ഐടി പ്രഫഷണലുകള്, കേന്ദ്ര - സംസ്ഥാന സര്ക്കാര് ജീവനക്കാര്, പ്രതിരോധ സേനാംഗങ്ങള്, കോര്പറേറ്റ് ജീവനക്കാര് എന്നിവര് ഇതിനകംതന്നെ പേര് രജിസ്റ്റര് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി എന്നീ ഐടി ഹബ്ബുകള് കേന്ദ്രീകരിച്ച് വര്ഷം തോറും സംഘടിപ്പിക്കപ്പെടുന്ന ഈ മാരത്തണ്, ടെക്നോ പാര്ക്ക്, ഇന്ഫോ പാര്ക്ക് എന്നീ ഐടി പാര്ക്കുകള്ക്ക് ചുറ്റുമുള്ള റൂട്ടുകളിലൂടെയാണു നടക്കുക.
കേരളത്തിലെ യുവാക്കള്ക്കിടയില് വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും പൊതുജനങ്ങളില് അവബോധം സൃഷ്ടിക്കുകയാണു ലക്ഷ്യം.
കേരളത്തെ ലഹരിമുക്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാന് സംസ്ഥാനത്തെ ഒന്നര ലക്ഷത്തിലധികം ഐടി പ്രഫഷണലുകള് ഒന്നിക്കുന്ന വേദിയാണിതെന്ന് ജി- ടെക് ചെയര്മാന് വി.കെ. മാത്യൂസ് പറഞ്ഞു.
District News
മാരാമണ്: എട്ടുമുതല് 15 വരെ നടക്കുന്ന 131 -ാമത് മാരാമണ് കണ്വന്ഷനില് പങ്കെടുക്കുന്നവര്ക്ക് സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്ജ്. മാരാമണ് കണ്വന്ഷനോടനുബന്ധിച്ച് സര്ക്കാര് തലത്തില് നടത്തുന്ന ക്രമീകരണങ്ങള് സംബന്ധിച്ച് മാരാമണ് റിട്രീറ്റ് സെന്റര് ഹാളില് ചേര്ന്ന ആലോചന യോഗത്തില് അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ക്രമസമാധാന പാലനവും സുരക്ഷയും പോലീസ് ഉറപ്പാക്കും. സമ്മേളന നഗരിയില് മഫ്തിയില് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി വനിതാ പോലിസിനെയും ക്രമീകരിക്കും. മണല്പ്പുറത്തോടു ചേര്ന്ന ഭാഗങ്ങളില് നദിയില് ആളുകള് ഇറങ്ങുന്നത് തടയും. സുരക്ഷാ വേലികള് സ്ഥാപിച്ചും മുന്നറിയിപ്പ് ബോര്ഡുകള് സ്ഥാപിച്ചും സുരക്ഷ ഉറപ്പാക്കാന് നിര്ദേശിച്ചിട്ടുണ്ട്.
കോഴഞ്ചേരി, തോട്ടപ്പുഴശേരി എന്നിവിടങ്ങളില് പോലീസ് എയ്ഡ് പോസ്റ്റുകള് സ്ഥാപിക്കും. കോഴഞ്ചേരി, നെടുമ്പ്രയാര് ഉള്പ്പെടെ പ്രധാന കടവുകളില് മുന്നറിയിപ്പ് ബോര്ഡ് സ്ഥാപിച്ചു. കണ്വന്ഷന് നഗറിലും മാരാമണ്, കോഴഞ്ചേരി പ്രദേശങ്ങളിലും തടസം കൂടാതെയുള്ള വൈദ്യതി വിതരണം കെഎസ്ഇബി ഉറപ്പാക്കും.
കണ്വന്ഷന് നഗറില് താത്കാലിക ഡിസ്പെന്സറിയും ആംബുലന്സ് സൗകര്യവും ആരോഗ്യവകുപ്പ് ക്രമീകരിക്കും. കോഴഞ്ചേരി സര്ക്കാര് ആശുപത്രിയില് ആവശ്യത്തിന് ഡോക്ടര്മാരുടെയും പാരാമെഡിക്കല് ജീവനക്കാരുടെയും സേവനം ഉറപ്പാക്കും. കണ്വന്ഷന് നഗറില് അണുനശീകരണവും ശുചീകരണ പ്രവര്ത്തനവും നടത്തും.
ആധുനിക സൗകര്യമുള്ള ഫയര് യൂണിറ്റ് ക്രമീകരിക്കും. സ്കൂബ ഡൈവിംഗ് ടീമിന്റെ സേവനം ഉണ്ടാകും. കണ്വന്ഷന് നഗറില് 24 മണിക്കൂറും ജലലഭ്യത ഉറപ്പാക്കും. കെഎസ്ആര്ടിസി വിവിധ ഡിപ്പോകളില് നിന്ന് സ്പെഷല് സര്വീസ് ക്രമീകരിക്കും. തിരുവല്ല ഭാഗത്തേക്ക് പ്രത്യേക രാത്രി സര്വീസും ഉണ്ടാകും. കോഴഞ്ചേരി, മാരാമണ് ഭാഗങ്ങളില് കെഎസ്ആര്ടിസി ഓപ്പറേറ്റിംഗ് സെന്ററുകള് പ്രവര്ത്തിക്കും. തിരുവല്ല, പത്തനംതിട്ട ഡിപ്പോകളുടെ ചുമതലയിലാണ് സ്പെഷല് ബസുകളുടെ ക്രമീകരണം. കണ്വന്ഷന് നഗറിലും പരിസര പ്രദേശങ്ങളിലും വ്യാജമദ്യം, നിരോധിത ലഹരി വസ്തുക്കള് തുങ്ങിയവയുടെ വില്പന തടയുന്നതിന് കര്ശന നടപടി എക്സൈസ് വകുപ്പ് സ്വീകരിക്കും.
തിരുവല്ല സബ് കളക്ടർ, അടൂര് റവന്യൂ ഡിവിഷണല് ഓഫീസര് എന്നിവര് കോഓര്ഡിനേറ്റര്മാരായും കോഴഞ്ചേരി, തിരുവല്ല തഹസില്ദാര്മാര് അസിസ്റ്റന്റ് കോഓര്ഡിനേറ്റര്മാരായും പ്രവര്ത്തിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ കളക്ടര് എസ്. പ്രേംകൃഷ്ണൻ, തിരുവല്ല സബ് കളക്ടര് സുമിത് കുമാര് ഠാക്കൂർ, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, മാര്ത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര് പീലക്സിനോസ് എപ്പിസ്കോപ്പ, ജനറല് സെക്രട്ടറി റവ. എബി കെ. ജോഷ്വ, ഡെപ്യൂട്ടി കളക്ടര് ആർ. രാജലക്ഷ്മി എന്നിവര് പങ്കെടുത്തു.
District News
ചാവക്കാട്: ജില്ലയിലെ കായിക രംഗത്ത് ചരിത്രം കുറിക്കാൻ ഇസാഫ് തൃശൂർ കോസ്റ്റൽ മാരത്തൺ ഇന്നു പുലർച്ചെ ചാവക്കാട് ബീച്ചിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ ഏക കോസ്റ്റൽ മാരത്തൺ എന്ന സവിശേഷതയുള്ള ഈ മത്സരത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 650ൽ പരം കായികതാരങ്ങൾ പങ്കെടുക്കും.
ഇന്നു പുലർച്ചെ 5.30 ന് 21 കിലോമീറ്റർ ഹാഫ് മാരത്തൺ കളക്ടർ അർജുൻ പാണ്ഡ്യൻ ഫ്ലാഗ് ഓഫ് ചെയ്യും. 6.30 ന് 10 കിലോമീറ്റർ ഫ്ലാഗ്ഓഫ് ഇസാഫ് ബാങ്ക് എംഡി ആൻഡ് സിഇഒ പോൾ തോമസ് നിർവഹിക്കും ഏഴിന് അഞ്ചു കിലോമീറ്റർ ഫാമിലി റൺ ഗുരുവായൂർ എസിപി പ്രേമനന്ദൻ നിർവഹിക്കും.
ചാവക്കാട് താലൂക്ക് പരിധിയിൽ ഉള്ള പ്ലസ് ടു വരെയുള്ള സ്കൂളുകളിൽ നിന്നും ഓരോ സ്കൂളിലെ രണ്ടു കുട്ടികൾക്ക് ഫ്രീ രജിസ്ട്രേഷൻ കൊടുക്കുകയും അവർക്ക് പ്രത്യേക സമ്മാനം കൊടുക്കുകയും ചെയ്യും.
സമാപനത്തിൽ എൻ.കെ അക്ബർ എംഎൽഎ, നഗരസഭാധ്യക്ഷൻ എ.എച്ച്. അക്ബർ, പ്രതിപക്ഷ നേതാവ് സി.എ. ഗോപപ്രതാപൻ എന്നിവർ പങ്കെടുക്കും. മാരത്തൺ ജേഴ്സി പ്രകാശനവും നടത്തി.
വാർത്തസമ്മേളനത്തിൽ മാരത്തൺ ചീഫ് കോഓർഡിനേറ്റർ വി.എം.മുനീർ, വി. സി.ജഗൻ, സി.എം.ഷമീം അലി, ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മറീന പോൾ, അസി. ഡയറക്ടർ സജി ഐസക്, എം.പി.ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
District News
ചങ്ങനാശേരി: ലഹരിക്കെതിരേയുള്ള പ്രയാണത്തിന്റെ ഭാഗമായി 30ന് സര്ഗക്ഷേത്ര സംഘടിപ്പിക്കുന്ന നാലാമത് ചങ്ങനാശേരി മാരത്തണിനോടനുബന്ധിച്ച് ലഹരിവിരുദ്ധ ദീപപ്രതിജ്ഞയെടുത്തു.
ചങ്ങനാശേരി സെന്റ് തോമസ് ഹോസ്പിറ്റല് ഡയറക്ടര് ഫാ. ജയിംസ് കുന്നത്ത് ലഹരിവിരുദ്ധ ദീപപ്രതിജ്ഞ ഉദ്ഘാടനം ചെയ്തു. സര്ഗക്ഷേത്ര സ്പോര്ട്സ് ആന്ഡ് വെല്നെസ് ഫോറം ചെയര്മാന് സിബിച്ചന് തരകന്പറമ്പില് അധ്യക്ഷത വഹിച്ചു. സര്ഗക്ഷേത്ര ഡയറക്ടര് ഫാ. അലക്സ് പ്രായിക്കളം സിഎംഐ, തോമസുകുട്ടി തേവലക്കര, സണ്ണിച്ചന് ഇടിമണ്ണിക്കല്, ജിജി കോട്ടപ്പുറം, വര്ഗീസ് ആന്റണി എന്നിവര് പ്രസംഗിച്ചു.
മാരത്തണിന്റെ ഭാഗമായി രജിസ്റ്റര് ചെയ്തിട്ടുള്ള മത്സരാര്ഥികള്ക്കുള്ള കിറ്റ് വിതരണം 28, 29 തീയതികളില് രാവിലെ 10 വൈകുന്നേരം ആറുവരെ സര്ഗക്ഷേത്രയില് നടത്തും. മാരത്തണിന്റെ ദിവസം ആദ്യത്തെ 60 പേര്ക്ക് സ്പോട്ട് റെജിസ്ട്രേഷന് സൗകര്യവും ഉണ്ടായിരിക്കും.
Business
തിരുവനന്തപുരം: വിജയത്തിലേക്കു കുറുക്കുവഴികളില്ലെന്നു സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് കെഎസ്എഫ്ഇ സ്പെഷൽ ഗ്രേഡ് അസിസ്റ്റന്റായ സോജ സിയ. കൗമാരത്തിൽ കൈവിട്ട സ്വപ്നം 47-ാം വയസിൽ എത്തിപ്പിടിച്ചിരിക്കുകയാണ് ഈ കോട്ടയംകാരി.
ലോകത്തിലെ ഏറ്റവും കടുപ്പമേറിയ മാരത്തണുകളിൽ ഒന്നായ, 5370 മീറ്റർ ഉയരത്തിലുള്ള 72 കിലോമീറ്റർ ദൈർഘ്യമേറിയ ഖാർദുംഗ് ലാ അൾട്രാ മാരത്തണ് ചലഞ്ച് 14 മണിക്കൂർ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കിയ ആദ്യ മലയാളിവനിതയായാണ് സോജ ചരിത്രത്തിൽ ഇടംനേടിയത്. കെഎസ്എഫ്ഇ ആണ് സോജയെ സ്പോണ്സർ ചെയ്തത്.
മാരത്തണ് വിജയകരമായി പൂർത്തിയാക്കിയ സോജയെയും ഒപ്പംനിന്ന കെഎസ്എഫ്ഇയെയും ധനമന്ത്രി കെ.എൻ. ബാലഗോപാൽ അഭിനന്ദിച്ചു. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ സോജയെ പുരസ്കാരംനൽകി ആദരിച്ചു. കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ തുടങ്ങിയവർ പങ്കെടുത്തു.
കോരുത്തോട് സികെഎം സ്കൂളിൽനിന്നു കായികലോകത്തേക്കു ചുവടുവച്ച സോജ പ്രശസ്ത പരിശീലകൻ കെ.പി. തോമസ് മാഷിന്റെ ആദ്യകാലശിഷ്യരിൽ ഒരാളാണ്. അസംപ്ഷൻ കോളജിൽവച്ചുണ്ടായ ഒരു സൈക്കിളിംഗ് അപകടം കായികസ്വപ്നങ്ങൾക്കു താൽക്കാലികവിരാമമിട്ടു. നീണ്ട ഇടവേളയ്ക്കുശേഷം തിരികെയെത്തി, മലേഷ്യയിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 1500 മീറ്റർ ഓട്ടത്തിൽ വെള്ളിമെഡൽ നേടിയിരുന്നു.
നിലവിൽ കെഎസ്എഫ്ഇ പൂജപ്പുര ബ്രാഞ്ചിലെ സ്പെഷൽ ഗ്രേഡ് അസിസ്റ്റന്റും ഐടെൻ റണ്ണേഴ്സ് ക്ലബ്ബിലെ സജീവ അംഗവുമായ സോജ പരേതയായ ഹസീനയുടെയും സിയാവുദീന്റെയും മകളാണ്. ഭർത്താവ് ഷാംനാദും മകൻ അസീം ഷായും പൂർണപിന്തുണയുമായി കൂടെയുണ്ട്.